ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും അത് എന്നെ വിചാരിച്ചിട്ടുണ്ടാവും; ഒരു കാലത്ത് വളരെ മൂല്യമുണ്ടായിരുന്ന ഒരു കടലാസ് ആയിരുന്നല്ലോ താൻ എന്ന്.

2011 ഗൂഗിൾ സമ്മർ ഓഫ് കോഡ്-ൽ പങ്കെടുത്തപ്പോൾ ഞാൻ പഠിച്ച തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് അധികൃതർ തന്ന സർട്ടിഫിക്കറ്റ് ആണ് ഈ പറയുന്ന സംഭവം. എനിക്ക് എന്റെ കോളേജിൽ നിന്ന് ആകെ കിട്ടിയ ഒരു പ്രോത്സാഹനം അല്ലെങ്കിൽ അംഗീകാരം എന്ന് വേണമെങ്കിൽ പറയാം. ഈ സർട്ടിഫിക്കറ്റ് കിട്ടുവാൻ വേണ്ടി ഓഫീസിൽ കയറി ഇറങ്ങിയതും എന്താണ് ഗൂഗിൾ സമ്മർ ഓഫ് കോഡ് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ കഷ്ടപെട്ടതും എനിക്ക് നല്ല ഓർമയുണ്ട്.

എന്തായാലും എന്റെ സ്വഭാവം നല്ലതാണെന്ന് എഴുതിയ കടലാസ് അല്ലെ, ഒരു പടമെടുത് വെച്ചേക്കാം!!

Conduct Certificate issued for GSoC


മലയാളം ശ്രേഷ്ഠ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. നല്ല കാര്യം തന്നെ. ഇനിയെന്ത് എന്ന ചോദ്യത്തിന് ഒട്ടേറെ ഉത്തരങ്ങളാണ് ദിനപത്രങ്ങളും മറ്റും നമുക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഞാനടക്കമുള്ള യുവതലമുറക്ക് മലയാളത്തെ എങ്ങനെ കൂടുതൽ ശ്രേഷ്ഠമാക്കാം എന്നതിനെപ്പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ യുവതലമുറ ആശയങ്ങൾ പ്രകടിപ്പിക്കുന്നത് പ്രധാനമായും സോഷ്യൽ മീഡിയയിലൂടെയാണ്. കമ്പ്യൂട്ടർ, മൊബൈൽ ഫോണ്‍ മുതലായ ഉപാധികളുടെ പ്രചാരം ഇന്ന് അത്രയേറെയാണ്‌. പത്രമാധ്യമങ്ങളുടെ ഇന്റർനെറ്റ്‌ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വരുന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും മേൽ പറഞ്ഞതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇതിൽ തന്നെ ഒട്ടേറെ പേർ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് മംഗ്ലീഷ് (മലയാളം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച എഴുതുന്ന രീതി) ഉപയോഗിച്ചുകൊണ്ടാണ്. ലിപ്യന്തരണത്തിനുള്ള ഉപകരണങ്ങൾ (ഗൂഗിൾ, സ്വനലേഖ തുടങ്ങിയവ) ലഭ്യമായിട്ടുള്ളപ്പോഴും നാം അത് ഉപയോഗിക്കുവാൻ ശ്രദ്ധിക്കുന്നില്ല.

കമ്പ്യൂട്ടർ മലയാളത്തിൽ ഉപയോഗിക്കുക എന്നത് തുടക്കക്കാർക്ക് ശ്രമകരമായ ഒരു കാര്യം തന്നെയാണ്. വിദേശരാജ്യങ്ങളിൽ കമ്പ്യൂട്ടർ ഉപയോഗം അവരുടെ പ്രാദേശിക ഭാഷകളിൽ തന്നെയാണ്. കമ്പ്യൂട്ടറിൽ ജർമൻ ഭാഷ ഉപയോഗിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ എനിക്കുണ്ട്. ഈ പ്രവണത നമ്മുടെ യുവതലമുറയിൽ വളരെക്കുറവാണ്. നമ്മുടെ ഭാഷയെ കമ്പ്യൂട്ടർവത്കരിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. ഇന്ന് മലയാളം ലഭ്യമായ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പിന്നിൽ ഈ കൂട്ടായ്മയാണ്. മലയാളത്തെ സ്നേഹിക്കുന്ന യുവതലമുറ ഈ കൂട്ടായ്മയിൽ പങ്കാളികളാവേണ്ടത് ആവശ്യമാണ്‌. പരിമിതമായ കമ്പ്യൂട്ടർ അറിവുള്ളവർക്കുപോലും ഈ പ്രാദേശികവത്കരണത്തിലും മറ്റു പ്രവർത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. സ്വ.മ.ക. യെപറ്റി കൂടുതൽ അറിയുന്നതിന് ഇവിടം സന്ദർശിക്കുക.

ഇനി പറയുന്നത് മലയാളം വിക്കിയെപ്പറ്റിയാണ്. സുമാർ മുപ്പതിനായിരത്തോളം ലേഖനങ്ങൾ ഇപ്പോളുള്ള മലയാളം വിക്കിയിലുണ്ട്. കൂടുതൽ അറിവുകൾ മലയാളം വിക്കിയിൽ ഉൾപ്പെടുത്തുന്നതിലും നമുക്ക് പങ്കെടുക്കാവുന്നതാണ്.

ഇംഗ്ലീഷ് പദങ്ങൾക്ക് തത്തുല്യമായ മലയാളം പദങ്ങൾ കണ്ടെത്താൻ സഹായകരമായ ഓളം നിഘണ്ടു ഈയിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. കൈലാഷ് നാഥ്‌ വികസിപ്പിച്ചെടുത്ത ഈ സോഫ്റ്റ്‌വെയർ ക്രോം എക്സ്റ്റൻഷൻ ആയി ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. മലയാളം മലയാളം നിഘണ്ടു, ഇംഗ്ലീഷ് മലയാളം നിഘണ്ടു, ഇംഗ്ലീഷ് ലിപ്യന്തരണം തുടങ്ങിയവ ലഭ്യമായ ഇതിൽ പദ വ്യാഖ്യാനങ്ങൾ ചേർക്കുന്നതിനും സൌകര്യമുണ്ട്.

ഇതിൽ ഒന്നും പങ്കെടുത്തില്ലെങ്കിലും മലയാളഭാഷ കമ്പ്യൂട്ടറിൽ ഉപയോഗിക്കുക, മംഗ്ലീഷ് ഉപയോഗം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നമുക്കും ചെയ്യാവുന്നതേയുള്ളൂ. സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായ യുവതലമുറ മലയാളം ഉപയോഗിക്കുന്നത് ഈ ശ്രേഷ്ഠഭാഷയെ കൂടുതൽ മഹത്തരമാക്കും, തീർച്ച.

തിരുത്ത്

ഓളം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണെന്ന് മുകളിൽ തെറ്റായി പറഞ്ഞിരുന്നു. ഓളം ഉപയോഗിക്കുന്ന വിവര ശേഖരവും (ODbl) അനുബന്ധ ഉപാധികളുമാണ് (GNU GPLv3) സ്വതന്ത്ര ലൈസൻസിൽ ലഭ്യമായത്.

തെറ്റ് ചൂണ്ടിക്കാണിച്ചതിന് അനിവറിന് നന്ദി.